Latest Updates

കൊച്ചി: കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ച ഡ്രൈവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച സംഭവത്തില്‍ ഗതാഗത വകുപ്പിനെ വിമർശിച്ച് ഹൈക്കോടതി. സ്ഥലംമാറ്റിയ നടപടി ചോദ്യം ചെയ്ത് ഡ്രൈവര്‍ ജെയ്മോന്‍ ജോസഫ് സമർപ്പിച്ച ഹർജിയിലാണ് പരാമർശം. എന്നാല്‍ വൃത്തിഹീനമായ ബസുകള്‍ ശരിയായ തൊഴില്‍ സംസ്‌കാരത്തിന്റെ അഭാവത്തെയാണ് സൂചിപ്പിക്കുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി. ജെയ്മോന്‍ ജോസഫിന്റെ സ്ഥലംമാറ്റാനുള്ള തീരുമാനം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. കുപ്പി കണ്ടെത്തിയ സംഭവം സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടി സ്വീകരിക്കാന്‍ തക്കവണ്ണമുള്ള കാരണമല്ലെന്നും ജസ്റ്റിസ് എന്‍. നഗരേഷ് ചൂണ്ടിക്കാട്ടി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നേരിട്ട് ഇടപെട്ട സംഭവത്തിലാണ് ഹൈക്കോടതിയുടെ പരാമർശം. ഞെട്ടിക്കുന്ന സംഭവം എന്നായിരുന്നു കോടതി നടപടിയെ പരാമര്‍ശിച്ചത്. കുപ്പിയില്‍ വെള്ളമല്ലേ, മദ്യമൊന്നുമല്ലല്ലോ. വെളളക്കുപ്പി പിന്നെ എവിടെ സൂക്ഷിക്കും... ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമ്പോള്‍ തക്കതായ കാരണം വേണം. അച്ചടക്ക പ്രശ്‌നങ്ങള്‍, ഭരണപരമായ കാരണങ്ങള്‍ തുടങ്ങി തക്കതായ കാരണങ്ങള്‍ക്ക് അച്ചടക്ക നടപടി ആകാമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ അച്ചടക്ക വിഷയം വന്നാല്‍ എപ്പോഴും സ്ഥലംമാറ്റം ആണോ പരിഹാരമെന്നും വാദത്തിനിടെ ഹൈക്കോടതി ചോദിച്ചിരുന്നു. ശിക്ഷാ നടപടിയുടെ സ്വഭാവത്തില്‍ വരുന്നതാണ് ഡ്രൈവറുടെ സ്ഥലം മാറ്റം. കെഎസ്ആര്‍സിയുടെ നടപടി അമിതാധികാര പ്രയോഗമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹർജി വിധി പറയാൻ മാറ്റി. പൊന്‍കുന്നം മുതല്‍ തിരുവനന്തപുരം വരെ ഏകദേശം 8 മണിക്കൂര്‍ വരുന്നതാണ് ജെയ്മോന്‍ ഓടിച്ചിരുന്ന റൂട്ടിന്റെ റണ്ണിങ് സമയം. ഇത്തരം ഒരു ദീര്‍ഘയാത്രയില്‍ എല്ലാ ഡിപ്പോകളിലും നിര്‍ത്തി യാത്രക്കാര്‍ക്ക് വെള്ളം കുടിക്കാന്‍ അവസരം നല്‍കുന്നത് യാത്രയെ ബാധിക്കും. ഇത് ഒഴിവാക്കാനാണ് ക്യാബിന് സമീപം രണ്ട് വാട്ടര്‍ ബോട്ടിലുകള്‍ സൂക്ഷിച്ചതെന്ന് ഡ്രൈവര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ബസുകളില്‍ കുപ്പികള്‍ സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കിയിട്ടില്ലെന്നും എഞ്ചിന്‍ ചൂടുള്‍പ്പെടെയുള്ള സാഹചര്യങ്ങളില്‍ കുടിവെള്ളം അത്യാവശ്യമാണെന്നും പരാതിക്കാരന്റെ അഭിഭാഷന്‍ കോടതിയില്‍ അറിയിച്ചു. കുപ്പികളും ബാഗുകളും ബസിന്റെ മുന്‍വശത്തെ ഗ്ലാസിന് സമീപം സൂക്ഷിക്കാന്‍ പാടില്ലെന്ന കെഎസ്ആര്‍ടിസി പുറത്തിറക്കിയ സര്‍ക്കുലര്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് സര്‍വീസുകളെ സംബന്ധിച്ചാണെന്നും ഫാസ്റ്റ് പാസഞ്ചര്‍ ബസുകളെ സംബന്ധിച്ചല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗതാഗത മന്ത്രിയുടെ വ്യക്തിപരമായ ഇടപെടല്‍ മൂലമാണ് സ്ഥലംമാറ്റ ഉത്തരവ് ഉണ്ടായത്. പൊതു റോഡിന്റെ നടുവില്‍ വച്ചാണ് മന്ത്രി കെഎസ്ആര്‍ടിസി ബസ് തടഞ്ഞത്. ഇത്തരം ഇടപെടല്‍ മോട്ടോര്‍ വാഹന നിയമപ്രകാരം കുറ്റകരമാണെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice